റോം: ലോകപ്രശസ്തമായ കേംബ്രിജ് യൂണിവേഴ്സിറ്റിയുടെ പാഠപുസ്തകത്തിൽ ഇടംപിടിച്ച് മലയാളി അധ്യാപിക ഡോ. മേരി ഷൈനി. കേംബ്രിജ് യൂണിവേഴ്സിറ്റി പ്രസ് പുറത്തിറക്കിയ അന്താരാഷ്ട്ര പാഠപുസ്തകങ്ങളിലാണ് ഡെഡിക്കേറ്റഡ് ടീച്ചർ എന്ന നിലയിൽ ഡോ. മേരിയുടെ ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നത്.
ഈ നേട്ടത്തിന് പിന്നാലെ മറ്റൊരു അപൂർവ ബഹുമതി കൂടി ഇവരെ തേടിയെത്തിയിരിക്കുകയാണ്. കേംബ്രിജ് ഇന്റർനാഷണൽ ഇറ്റലിയിൽ നിന്ന് ആദ്യമായി തെരഞ്ഞെടുത്ത "ഇറ്റാലിയൻ കമ്യൂണിറ്റി അംബാസഡർമാരിൽ' ഒരാളായി ഡോ. മേരി ഷൈനി നിയമിതയായി.
കഴിഞ്ഞ 18 വർഷമായി വിദ്യാഭ്യാസ മേഖലയിൽ സജീവമായ ഇവർ, നിലവിൽ കേംബ്രിജ് എക്സാം ഓഫീസറായും ഇന്റർനാഷണൽ സ്പീക്കിംഗ് എക്സാമിനറായും സേവനമനുഷ്ഠിച്ച് വരികയാണ്. ലോകമെമ്പാടുമുള്ള കേംബ്രിജ് അധ്യാപകർക്കിടയിൽ ഇന്ത്യയുടെയും ഇറ്റലിയുടെയും അഭിമാനമായി മാറിയിരിക്കുകയാണ് ഈ തൃശൂർ വടക്കാൻഞ്ചേരി സ്വദേശിനി.
റിട്ട. മിലിട്ടറി ഉദ്യോഗസ്ഥൻ പൊൻപറമ്പിൽ തോമസ് പോളിന്റെയും ആനിസ് പോളിന്റെയും മകളാണ്. റോമിലെ ലിറ്റിൽ ഫ്ലവർ ഇന്റർനാഷണൽ സ്കൂളിലെ പ്രിൻസിപ്പലായ മേരി ഷൈനി, 2022-ൽ കേംബ്രിജ് ഡെഡിക്കേറ്റഡ് ടീച്ചർ അവാർഡ് സ്വന്തമാക്കിയിരുന്നു.
113 രാജ്യങ്ങളിൽ നിന്നുള്ള ഏഴായിരത്തോളം അധ്യാപകരിൽ നിന്ന് തെരഞ്ഞെടുത്ത ആറ് വിജയികളിൽ ഒരാളായിരുന്നു ഇവർ. ഇതിനെത്തുടർന്നാണ് കേംബ്രിജിന്റെ അന്താരാഷ്ട്ര പാഠപുസ്തകങ്ങളിൽ ഇവർക്ക് സ്ഥാനം നൽകിയത്.
വിദ്യാഭ്യാസ രംഗത്തെ മികവിനായി നാല് മാസ്റ്റേഴ്സ് ഡിഗ്രികളും ഡോക്ടറേറ്റും നേടിയ ഡോ. മേരി, വർഷങ്ങളായി റോമിലാണ് താമസം. തൃശൂർ ചാലക്കുടി സ്വദേശിയായ ഷൈജു മഞ്ഞളിയാണ് ഭർത്താവ്.
കേസിയ, കെലിസ്റ്റ, കെൻഡലിന എന്നിവർ മക്കളാണ്. ലോകോത്തര വിദ്യാഭ്യാസ പ്ലാറ്റ്ഫോമുകളിൽ ഒരു മലയാളി അധ്യാപിക ഇത്തരത്തിൽ ശ്രദ്ധിക്കപ്പെടുന്നത് ഇതര അധ്യാപകർക്കും വലിയ പ്രചോദനമാണ്.